നടിയെ പീഡിപ്പിച്ച കേസ് ; കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് തുറന്നത് നിർണായക തെളിവുകൾ നശിപ്പിക്കാൻ

നടിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നത്, നിർണായകമായ തെളിവു നശിപ്പിക്കാൻ വേണ്ടിയാണെന്ന് അതിജീവിത. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈൽ ഫോണിൽ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടെന്നും, അതുകൊണ്ട് ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുള്ള അതിജീവത്തായിട്ട് ഹർജി ജസ്റ്റിസ് കെ. ബാബുവാണ് പരിഗണിച്ചത്. കേസിൽ നിലപാടറിയിക്കാൻ ദിലീപിന്റെ അഭിഭാഷകൻ സമയം ചോദിച്ചതോടെ ഹർജി ഏഴിലേക്ക് മാറ്റി. 2021 ജൂലൈ 19 നാണ് പെൻഡ്രൈവിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയത്. ഒറിജിനൽ മെമ്മറി കാർഡിന്റെ ഫൊറൻസിക് പതിപ്പാണു പെൻഡ്രൈവിലുള്ളത്.

എന്നാൽ വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഇൻസ്റ്റാൾ ചെയ്ത വിവോ ഫോണിൽ ഒറിജിനൽ മെമ്മറികാർഡ് അന്ന് ഇട്ടിടുണ്ടെന്നാണു ഫൊറൻസിക് പരിശോധനാ ഫലം വ്യക്തമാക്കുന്നതെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. മെമ്മറി കാർഡിൽ വന്ന മാറ്റങ്ങൾ, വിഡിയോകൾ പുറത്തുകൊണ്ടുപോയിട്ടുണ്ടോ, അതുപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്തണം. കാർഡിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വന്നാലുള്ള പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്നും അതിജീവത വ്യക്തമാക്കി. കേസ് ഇപ്പോൾ അന്തിമഘട്ടത്തിലാണ്.