ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല; കെ സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോൺഗ്രസ് പാർട്ടി ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ഒപ്പം കൈകൾ കോർത്ത് പിടിച്ചുള്ള ചിത്രം രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് കെ സുധാകരനും വി ഡി സതീശനും ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ രാഷ്ട്രീയമറിയാമെന്നും കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

കേരളത്തിൽ നേതൃമാറ്റം ആലോചിക്കുന്നുണ്ടെയെന്ന ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ താരീഖ് അൻവർ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.