മാദ്ധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുന്നു; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാദ്ധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടുമിക്ക മാധ്യമങ്ങളും നമുക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഭൂമുഖത്ത് മാർക്‌സിസ്റ്റ് വിരുദ്ധവും വലതുപക്ഷ നിലപാടിന് പ്രചാരണം നടത്തുന്നതുമായ മാധ്യമങ്ങൾ കേരളത്തിലേത് പോലെ ലോകത്ത് എവിടെയുമില്ല. ആരുടേയും സർട്ടിഫിക്കറ്റല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി വർഗ പ്രസ്ഥാനവും. മാദ്ധ്യമങ്ങൾ തെറ്റ് ചൂണ്ടികാണിച്ചാൽ നമ്മൾ ശരിയായ ദിശയിലാണെന്ന് ഉറപ്പിക്കാമെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

മാനനഷ്ടക്കേസ് നൽകി പേടിപ്പിക്കാൻ കെ സുധാകരൻ നോക്കേണ്ട. പാർട്ടിയും ദേശാഭിമാനിയും ശക്തമായിതന്നെ ഇതിനെ നേരിടും. മാനനഷ്ട കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മും ദേശാഭിമാനിയും. കോൺഗ്രസ് ക്രിമിനൽ കേസിനെ എന്തിനാണ് രാഷ്ട്രീയമായി നേരിടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

കെപിസിസി അധ്യക്ഷൻ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസിലാണ്. മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ സുധാകരൻ തന്നെയല്ലെ വിവരങ്ങൾ വെളിപ്പടുത്തിയത്. അത്രയൊന്നും താനോ ദേശാഭിമാനിയോ പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുനർജനി പദ്ധതിയിൽ വലിയ തട്ടിപ്പാണ് നടന്നത് എന്നാണ് വാർത്തകൾ വരുന്നത്. വിദേശത്ത് പോയി വീട് വെക്കാൻ പൈസ പിരിച്ച ശേഷം ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകളുടെ മുന്നിൽ പുനർജനിയുടെ ബോർഡ് വെച്ചു എന്നും വാർത്തകൾ വരുന്നുണ്ട്. പുനർജനി കേസിൽ തനിക്കും കെ സുധാകരന്റെ ഗതി വരുമെന്നോർത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സുധാകരന്റെ തട്ടിപ്പ് കേസിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.