കോഴിക്കോട്: ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് വ്യക്തമാക്കി കേരള വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനോട് ഹൈക്കോടതി തന്നെ നിർദേശിച്ചിട്ടുണ്ട്. പ്ലസ്ടു-വിന് കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിക്കുമ്പോഴും സമൂഹത്തിലെ തെറ്റായ പ്രവണതകളിൽ കുട്ടികൾ ആകൃഷ്ടരാകുന്നുവെന്നത് ആശാസ്യമല്ലെന്ന് പി സതീദേവി പറഞ്ഞു.
സമീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ ഇത്തരം പ്രചരണങ്ങൾ നടക്കുന്നത് നമ്മൾ കണ്ടതാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മിഷൻ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഈ അധ്യയന വർഷാരംഭത്തിൽ സംഘടിപ്പിച്ചുവരുന്ന കൗമാരം കരുത്താക്കൂ പ്രത്യേക ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതിദേവി.
കൗമാരം കരുത്താക്കൂ പരിപാടിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കുരുവട്ടൂർ പയമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് നിർവഹിച്ചത്. ലഹരി, പ്രണയപ്പക എന്നിവക്കെതിരായ ബോധവത്ക്കരണം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് കൗമാരം കരുത്താക്കൂ പ്രത്യേക ബോധവത്കരണ പരിപാടി കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്നത്.

