മാധ്യമപ്രവർത്തകർ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സർക്കാർ ഒഴിവാക്കേണ്ടിയിരുന്നു; കേരളത്തിൽ നടക്കുന്നത് അപ്രഖ്യാപിത സെൻസർഷിപ്പെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകർ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സർക്കാർ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരള പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തെറ്റുകൾക്ക് എതിരായ ഓർമ്മപ്പെടുത്തലാണ് വാർത്തകൾ. കേരളത്തിൽ നടക്കുന്നത് അപ്രഖ്യാപിത സെൻസർഷിപ്പാണെന്നും വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിലും ന്യൂസ് അവറിൽ ചർച്ച നടത്തിയതിന്റെ പേരിലും കേസെടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ അടക്കം മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, സെക്രട്ടേറിയറ്റ് പ്രവേശനം പുനസ്ഥാപിക്കുക, നിയമസഭയിലെ ക്യാമറ വിലക്ക് നീക്കുക, പെൻഷൻ വർദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെയുഡബ്ലിയുജെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്.