ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിന് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് (പി.ഡി.എ) എന്ന് പേരിട്ടേക്കാൻ സാധ്യത. വെള്ളിയാഴ്ച പാട്‌നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യവെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് ഇക്കാര്യം സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.
പുതിയ സഖ്യത്തിന് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് (പി.ഡി.എ) എന്ന് പേരിട്ടേക്കാമെന്നും എന്നാൽ അതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. എൻ.ഡി.എയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഇക്കാര്യത്തിൽ വ്യക്തതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിൽ സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ടും ബിഹാറിൽ മഹാഗത്ബന്ധനുമുണ്ട്. അതിനാൽ, ഒരു സംയുക്ത പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങളുടെ പ്രതിബദ്ധത പങ്കിടുന്ന ഒരു പേര് തങ്ങൾക്കുണ്ടാകും. സഖ്യത്തിന്റെ പേരിനെക്കുറിച്ച് ഷിംല യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

