കെയ്‌റോ: ലോക മഹാത്ഭുതങ്ങളിലൊന്നായ ഗിസയിലെ പിരമിഡുകൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയും മോദിക്കൊപ്പം ഉണ്ടായിരുന്നു. നാലാം രാജവംശത്തിന്റെ കാലത്ത് നൈലിന്റെ പടിഞ്ഞാറൻ തീരത്ത് നിർമിക്കപ്പെട്ട മൂന്ന് പിരമിഡുകളായിരുന്നു നരേന്ദ്രമോദി സന്ദർശിച്ചത്.
ഫറവോ ഖുഫുവിന്റെ ശവകുടീരമായ ഗിസയിലെ മഹത്തായ പിരമിഡിനെക്കുറിച്ച് സന്ദർശന വേളയിൽ മോദി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. ഈജിപ്തിലെ തന്നെ ഏറ്റവും വലിയ പിരമിഡ് നിർമിതിയാണിത്. 27 വർഷം കൊണ്ടാണ് ബിസി 26-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമാണമാരംഭിച്ച ഗിസയിലെ ഗ്രേറ്റ് പിരമിഡ്് നിർമാണം പൂർത്തിയാക്കിയത്.
ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിൽ എത്തിയത്. കെയ്റോയിലെ ഹീലീയോപൊലിസ് കോമൺവെൽത്ത് യുദ്ധശ്മശാനവും അദ്ദേഹം സന്ദർശിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലും ഏദനിലും വീരമൃത്യു വരിച്ച 4300ലധികം ഇന്ത്യൻ സൈനികർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.
കെയ്റോയിലെ അൽ-ഹക്കിം മസ്ജിദിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. ഈജിപ്തിലെ വിനോദസഞ്ചാര – പുരാവസ്തു വകുപ്പ് മന്ത്രി ഡോ. മുസ്തഫ വസീരി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഈ ഫാത്തിമിദ് കാലഘട്ടത്തിലെ ഷിയ മസ്ജിദിന്റെ പരിപാലനത്തിൽ സജീവ പങ്കാളികളായ ബൊഹ്റ സമുദായ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെയും ഈജിപ്തിലെയും ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

