കോഴിക്കോട്: ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയിൽ ഇടംനേടി കോഴിക്കോട് പാരഗൺ. ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്റോറന്റുകളുടെ പട്ടികയിലാണ് പാരഗൺ ഇടംനേടിയത്. പട്ടികയിൽ 11 -ാം സ്ഥാനമാണ് പാരഗൺ കരസ്ഥമാക്കിയത്.
പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്പരാഗതമായ പാചകരീതിയേയും പരമാവധി പ്രോത്സാഹിപ്പിക്കുന്ന ശൈലിയാണ് പാലഗണിലെ പാചകത്തിന്റേതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ 7 ഇന്ത്യൻ റസ്‌റ്റോറന്റുകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷണശാലകളെ നോക്കിയാൽ മുൻനിരയിലാണ് പാരഗണിന്റെ സ്ഥാനം. 12-ാം സ്ഥാനത്ത് ലക്നൗവിലെ തുൻഡേ കബാബിയാണ് ഇടംപിടിച്ചിരിക്കുന്നത്. മുഗളായ് ഭക്ഷണങ്ങൾക്ക് പ്രസിദ്ധിയാർജിച്ച സ്ഥലമാണിത്.
കൊൽക്കത്തയിലെ പീറ്റർ കാറ്റ്, ഹരിയാനയിലെ മുർത്തലിലുള്ള അമൃത് സുഖ്ദേവ് ദാബ, ഡൽഹിയിലെ കരിംസ്, മുംബൈയിലെ രാം അശ്രായ, ബംഗളൂരുവിലെ മവാലി ടിഫിൻ റൂംസ് തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഭക്ഷണശാലകൾ. പീറ്റർ കാറ്റ് 17-ാം സ്ഥാനത്തും അമൃത് സുഖ്ദേവ് ദാബ 23-ാം സ്ഥാനത്തും മവാലി ടിഫിൻ റൂംസ് 39-ാം സ്ഥാനത്തും, ഡൽഹിയിലെ കരിംസ് 87-ാം സ്ഥാനത്തും മുംബൈയിലെ രാം അശ്രായ 112-ാം സ്ഥാനവുമാണ് നേടിയത്.

