മാനനഷ്ട കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഎം; കെ സുധാകരന് മറുപടിയുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാനനഷ്ടക്കേസ് നൽകി പേടിപ്പിക്കാൻ കെ സുധാകരൻ നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയും ദേശാഭിമാനിയും ശക്തമായിതന്നെ ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനനഷ്ട കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മും ദേശാഭിമാനിയും. കോൺഗ്രസ് ക്രിമിനൽ കേസിനെ എന്തിനാണ് രാഷ്ട്രീയമായി നേരിടുന്നത്. കെപിസിസി അധ്യക്ഷൻ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസിലാണ്. മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ സുധാകരൻ തന്നെയല്ലെ വിവരങ്ങൾ വെളിപ്പടുത്തിയത്. അത്രയൊന്നും താനോ ദേശാഭിമാനിയോ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മോൻസൺ മാവുങ്കലിനെ കെ സുധാകരൻ തള്ളിപ്പറയാൻ തയ്യാറാകാത്തത് അദ്ദേഹത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്തുവരുമോ എന്ന ഭയംകൊണ്ടാണ്. 35 വർഷത്തെ തടവും മൂന്ന് ജീവപര്യന്തവുമായി കിടക്കുന്ന മോൻസണെക്കുറിച്ച് എന്താണ് ഒന്നും പറയാത്തത് എന്ന് ചോദ്യം ചെയ്യലിനിടെ ചോദിച്ചപ്പോൾ താൻ എന്തെങ്കിലും പറഞ്ഞാൽ അയാൾ എന്തെങ്കിലും വിളിച്ചുപറയും എന്നാണ് കെ സുധാകരൻ പ്രതികരിച്ചതെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുനർജനി പദ്ധതിയിൽ വലിയ തട്ടിപ്പാണ് നടന്നത് എന്നാണ് വാർത്തകൾ വരുന്നത്. വിദേശത്ത് പോയി വീട് വെക്കാൻ പൈസ പിരിച്ച ശേഷം ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകളുടെ മുന്നിൽ പുനർജനിയുടെ ബോർഡ് വെച്ചു എന്നും വാർത്തകൾ വരുന്നുണ്ട്. പുനർജനി കേസിൽ തനിക്കും കെ സുധാകരന്റെ ഗതി വരുമെന്നോർത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സുധാകരന്റെ തട്ടിപ്പ് കേസിനെ പിന്തുണയ്ക്കുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.