ഭൂമിയിടപാട് കേസ്; ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റിന്റെ നീക്കം. കളളപ്പണ ഇടപാടിനെ കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷണം നടത്തുന്നത്.

നേരത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ അതിരൂപത അന്വേഷണസംഘത്തിന് നൽകിയിരുന്നു. നിലവിലെ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയവരോട് ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.

അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേലാണ് ഇഡി അന്വേഷണം നടത്തുന്നത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെ മൂന്ന് പേരെ പ്രതിയാക്കി ആറു കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.