ന്യൂഡൽഹി: അടിയന്തരാവസ്ഥക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി അടിയന്തരാവസ്ഥ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാൽപ്പത്തെട്ടാം വാർഷികത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അടിയന്തരാവസ്ഥയെ ചെറുക്കുകയും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുകയും ചെയ്ത എല്ലാ ധീരരായ ആളുകളെയും താൻ ആദരിക്കുന്നു. നമ്മുടെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടമായി തുടരുന്ന ഒന്നാണ് അടിയന്തരാവസ്ഥ. ഇത് നമ്മുടെ ഭരണഘടന ആഘോഷിക്കുന്ന മൂല്യങ്ങൾക്ക് തികച്ചും വിപരീതമാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥയെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. മൻ കി ബാത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം
ജൂൺ 25 ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ദിവസമാണത്. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട ദിനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മൾ പരമപ്രധാനമായാണ് നമ്മുടെ ജനാധിപത്യ ആദർശങ്ങളെ കണക്കാക്കുന്നത്. തങ്ങൾ ഭരണഘടനയെ പരമോന്നതമായി കണക്കാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവ്വശക്തിയോടെ ലക്ഷക്കണക്കിന് ആളുകൾ അടിയന്തരാവസ്ഥയെ എതിർത്തു. ഭരണകൂടത്തിന്റെ ക്രൂരതകളെ കുറിച്ച് നിരവധി പുസ്തകങ്ങളാണ് രചിക്കപ്പെട്ടത്. പോലീസും ഭരണകൂടവും ചേർന്ന് ജനാധിപത്യവാദികളെ ക്രൂരമായാണ് പീഡിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാജ്യം സ്വാതന്ത്രത്തിന്റെ അമൃതകാലം ആഘോഷിക്കുന്ന വേളയിൽ അടിയന്തരാവസ്ഥ ജനാധിപത്യത്തെ എത്രത്തോളം അപകടത്തിലാക്കിയെന്ന് കൂടി മനസ്സിലാക്കണം. യുവതലമുറയ്ക്ക് ജനാധിപത്യത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

