ശ്രീനാഥ് ഭാസിക്ക് ഉടൻ അംഗത്വം നൽകേണ്ട; തീരുമാനവുമായി അമ്മ എക്സിക്യൂട്ടീവ്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ഉടൻ അംഗത്വം നൽകേണ്ടെന്ന് തീരുമാനിച്ച് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’. എക്‌സിക്യൂട്ടിവിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാക്കളുടെ വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അംഗത്വം ഉടനെ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചത്. നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചശേഷം അംഗത്വ അപേക്ഷ എക്‌സിക്യൂട്ടിവ് വീണ്ടും ചർച്ച ചെയ്യാനാണ് നിലവിലെ തീരുമാനം.

അതേസമയം, നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. താരസംഘടന അമ്മ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ആർഡിഎക്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സോഫിയ പോളാണ് താരത്തിനെതിരെ രേഖമൂലം പരാതി നൽകിയിരുന്നത്. പിന്നീട് താരത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

താരവുമായി നിർമ്മാതാക്കൾ സഹകരിക്കില്ലെന്ന പ്രഖ്യാപനമുണ്ടായതോടെയാണ് പ്രശ്‌ന പരിഹാരത്തിനായി ഷെയ്ൻ നിഗം അമ്മയെ സമീപിച്ചത്. സാങ്കേതിക പ്രവർത്തകരും താരങ്ങളുമടക്കമുള്ളവർ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും ഇവർ കാരണം ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.

ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്.