കെ സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകും; എ കെ ആന്റണി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി. കെ സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായിയും ഗോവിന്ദൻ മാഷും അന്ന് വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.

പോലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പോലീസല്ല, കോടതിയാണ്. കേസ് പോലീസിന്റെ ഭാഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ സുധാകരന് പിന്തുണയുമായി വി ഡി സതീശനും രംഗത്തെത്തിയിട്ടുണ്ട്. കേസിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ അദ്ദേഹം തയാറായാൽ പോലും പാർട്ടി അതിന് അനുവാദം നൽകില്ല. രാഷ്ട്രീയവും നിയമപരവുമായ എല്ലാ കവചവും സുധാകരന് കോൺഗ്രസ് ഒരുക്കിക്കൊടുക്കും. സുധാകരനെ ചതിച്ച് ജയിലിൽ അടയ്ക്കാൻ പിണറായി ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

കെ. സുധാകരൻ ഒറ്റയ്ക്കല്ല, ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നിന്ന് കള്ളക്കേസിനെ പ്രതിരോധിക്കും. കോൺഗ്രസും യു.ഡി.എഫും സുധാകരനൊപ്പം ഒറ്റക്കെട്ടാണ്. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. ചങ്ക് കൊടുത്തും തങ്ങൾ കെ.പി.സി.സി അധ്യക്ഷനെ സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.