വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേരളം വിട്ട് പോകരുത്, പാസ്‌പോർട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്.

പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കെ വിദ്യയ്ക്ക് ജാമ്യം അനുവദിച്ചതെന്ന് മണ്ണാർക്കാട് കോടതി അറിയിച്ചു. 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് കോടതി അനുവദിച്ചത്. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ നിർദ്ദേശങ്ങളും കോടതി നൽകിയിട്ടുണ്ട്.

അതേസമയം, രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്നും കോടതി വ്യക്തമാക്കയിട്ടുണ്ട്. എന്നാൽ വിദ്യയെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യില്ല. നാളെ ഹാജരാകാണമെന്ന് പോലീസ് വിദ്യയോട് നിർദ്ദേശിച്ചു. താനൊരു സ്ത്രീയാണെന്നും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നുമായിരുന്നു ആവശ്യപ്പെട്ടാണ് വ്യാജ രേഖാ കേസിൽ വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്.