ദ്വിദിന സന്ദർശനം; പ്രധാനമന്ത്രി ഈജിപ്തിൽ

കെയ്റോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഈജിപ്തിൽ. ഈജിപ്തിലെ ആയിരം വർഷം പഴക്കമുള്ള അൽ-ഹക്കീം മസ്ജിദിൽ അദ്ദേഹം സന്ദർശനം നടത്തും. കെയ്‌റോയിൽ നടക്കുന്ന ദ്വിദിന പരിപാടിയുടെ അവസാന ദിവസമാണ് പ്രധാനമന്ത്രി മസ്ജിദിൽ എത്തുന്നത്. ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈജിപ്തിലെത്തിയത്.

ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്യും. 1997ന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിലേക്ക് ഔദ്യോഗിക ഉഭയകക്ഷി സന്ദർശനം നടത്തുന്നത്.

സന്ദർശന വേളയിൽ അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിന് വേണ്ടി പോരാടിയ ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് വാർ ഗ്രേവ് സെമിത്തേരിയിലെത്തി ശ്രദ്ധാജ്ഞലി അർപ്പിക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഈജിപ്ഷ്യൻ പ്രസിഡന്റ് രൂപീകരിച്ച ഉന്നതതല മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി ചർച്ചകൾ നടത്തും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.