പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനായാണ് ഹെൽമെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത്; രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഇരുചക്രവാഹനയാത്ര ഉപേക്ഷിക്കണമെന്ന് കോടതി

കൊച്ചി: പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനായാണ് ഹെൽമെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി. സാങ്കേതികമുന്നേറ്റത്തിന്റെ ഈ കാലഘട്ടത്തിൽ ഗതാഗതനിയന്ത്രണത്തിനായി എ ഐ ക്യാമറ സ്ഥാപിച്ചത് നൂതനചുവടുവെയ്പ്പാണെന്ന് കോടതി അറിയിച്ചു. ഗതാഗതനിയന്ത്രണത്തിനായി ഈ സംവിധാനം നടപ്പാക്കിയതിന് സർക്കാരിനെയും മോട്ടോർ വാഹനവകുപ്പിനെയും അഭിനന്ദിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുവാറ്റുപുഴ സ്വദേശി മോഹനനനും ഭാര്യയും ഹെൽമെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഇരുചക്രവാഹനയാത്ര ഉപേക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മൂവാറ്റുപുഴ ആർ.ടി.ഒ.യുടെ പരിധിയിൽ ഹെൽമെറ്റില്ലാതെ വാഹനമോടിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ ഇവർ ആവശ്യപ്പെട്ടിരുന്നത്. മാറാടിയിൽ താമസിക്കുന്ന ഹർജിക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി ദിവസവും മൂവാറ്റുപുഴയ്ക്ക് പോകാനുള്ളതിനാലാണ് ഇളവാവശ്യപ്പെട്ടത്.

ഇരുചക്രവാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് വെക്കുന്നതിന് ഇളവുനൽകാനാകില്ലെന്ന് കോടതി അറിയിച്ചു. പോലീസിനു വേണ്ടിയല്ല, കുടുംബത്തിനുവേണ്ടി ഹെൽമെറ്റ് ധരിക്കൂവെന്ന ഹൈദരാബാദ് സിറ്റി പോലീസിന്റെ ട്വിറ്റർ സന്ദേശം ചൂണ്ടിക്കാട്ടിയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.