സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരൻ അറസ്റ്റിൽ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ. മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് കെ സുധാകരൻ. കളമശേരിയിലെ ഓഫീസിൽ നടന്ന ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനൊടുവിലാണ് കെ സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രാവിലെ 11 മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കെ സുധാകരനെ വിട്ടയച്ചു.

അതേസമയം, ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് കെ സുധാകരൻ വ്യക്തമാക്കി. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് നടക്കട്ടെയെന്നും കോടതിയെ വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണ്. ആത്മവിശ്വാസമുണ്ട്. ഈ കേസിൽ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.