അഴിമതി ആരോപണത്തിന്റെ പേരിൽ എഐ ക്യാമറ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ല; ഹൈക്കോടതി

കൊച്ചി: അഴിമതി ആരോപണത്തിന്റെ പേരിൽ എഐ ക്യാമറ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളും പ്രത്യേകമായി പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. റോഡുകളിൽ എഐ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തുന്നതിന് നൂതന സംവിധാനമായാണ്. ഇതിൽ സംസ്ഥാന സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നു പോലും വിമർശനം ഉണ്ടായിട്ടില്ല. അവരും പുതിയ സംരംഭത്തെ സ്വീകരിക്കുന്നുവെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ അറിയിച്ചു.ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുവാറ്റുപുഴ സ്വദേശി മോഹനനനും ഭാര്യയും ഹെൽമെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

റോഡ് സുരക്ഷയ്ക്കായുള്ള എ ഐ ക്യാമറ പദ്ധതിക്ക് കോടതി അനുമതിയില്ലാതെ പണം നൽകരുതെന്ന് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി വഴി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായോ എന്നറിയാൻ കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു.