ചെന്നൈ: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. പ്രിയ വർഗ്ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു. വിധിയിൽ വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിയെ ബഹുമാനിക്കുന്ന ആളാണെന്ന് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായ അദ്ധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതി വിധിയിൽ പ്രതികരണവുമായി പ്രിയ വർഗീസും രംഗത്തെത്തിയിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ താൻ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾക്ക് വേട്ട എന്ന വാക്കാണ് പ്രയോഗിക്കാൻ തോന്നുന്നതെന്നും ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രിയ വ്യക്തമാക്കി. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും പ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

