2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തും; രാഹുൽ ഗാന്ധി

പട്‌ന: 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒത്തുചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിനു മുന്നോടിയായി ബിഹാറിലെ പട്‌നയിൽ പാർട്ടി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുന്നത്. കോൺഗ്രസിന്റേത് ‘ഭാരത് ജോഡോ’ എന്ന ആശയമാണ്. എന്നാൽ ബിജെപിയുടേത് ‘ഭാരത് തോടോ’ എന്ന ചിന്തയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം സ്വന്തമാക്കും. ഇന്ത്യയെ വിഭജിച്ച് അക്രമങ്ങളും വിദ്വേഷവും പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇവിടെ ഒത്തുചേർന്നിട്ടുണ്ട്. തങ്ങൾ ഒന്നിച്ചുനിന്ന് ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണ്. കർണാടകയിൽ എല്ലായിടത്തും ബിജെപി നേതാക്കളുടെ പ്രസംഗം നടത്തി. എന്നാൽ ഫലം വരുമ്പോൾ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ. കോൺഗ്രസ് ഒന്നിച്ചു നിന്നു. കർണാടകയിൽ നിന്ന് ബിജെപിയെ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.