യൂട്യൂബർമാർ 25 കോടിയോളം രൂപ നികുതിയടക്കാനുണ്ട്; കണ്ടെത്തലുമായി ആദായ നികുതി വകുപ്പ്

കൊച്ചി: യൂട്യൂബർമാർക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. യൂട്യൂബർമാർ 25 കോടിയോളം രൂപയടക്കാനുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.

ചിലർ രണ്ട് കോടിയോളം രൂപ നികുതിയായി അടയ്ക്കാനുണ്ട്. ഒരു രൂപ പോലും ഇന്നുവരെ നികുതി അടയ്ക്കാത്തവരും ഇക്കൂട്ടത്തിലുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. നികുതി അടയ്ക്കണം എന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് പലരും ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കിയിരുന്നത്.

സംസ്ഥാനത്തെ 13 പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. നടിയും അവതാരകയുമായ പേളി മാണി, ഫിഷിങ് ഫ്രീക്ക്(സെബിൻ), അർജ്യൂ, കോൾമീ ഷസ്സാം, ജയരാജ് ജി.നാഥ്, അഖിൽ NRD, M4 ടെക്ക്, അൺബോക്‌സിങ് ഡ്യൂഡ്, റൈസിങ് സ്റ്റാർ, ഈഗിൾ ഗെയിമിങ്, കാസ്‌ട്രോ ഗെയിമിങ് എന്നീ യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു പരിശോധന. വ്യാഴാഴ്ച രാവിലെ മുതലാണ് വിവിധയിടങ്ങളിൽ പരിശോധന നടന്നത്. കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും ഒരു കോടി രൂപ മുതൽ രണ്ടു കോടി രൂപ വരെ വാർഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.