വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദം: എസ്എഫ്‌ഐയിൽ തിരുത്തൽ നിർദേശിച്ച് സിപിഎം

തിരുവനന്തപുരം: എസ്എഫ്‌ഐയിൽ തിരുത്തൽ നിർദേശിച്ച് സിപിഎം. പ്രതിപക്ഷത്തിന് രാഷ്ട്രീയായുധമാകുന്നവിധത്തിൽ നിരന്തരം വിവാദങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നടപടി. ഇടതുപക്ഷ വിദ്യാർഥി സംഘടനയിലുണ്ടാകേണ്ട പരിശോധനയും തിരുത്തലും ഉണ്ടാകാത്തതുകൊണ്ടാണ് വീഴ്ചകൾ ആവർത്തിക്കുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.

പാർട്ടി നിരീക്ഷണത്തിൽ തന്നെ ഇതിനുള്ള നടപടി സ്വീകരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അടുത്തിടെ വലിയ ആരോപണങ്ങളാണ് എസ്എഫ്‌ഐയ്ക്ക് നേരിടേണ്ടി വന്നത്. കെ. വിദ്യയുടെ വ്യാജസർട്ടിഫിക്കറ്റ് ആരോപണം, കായംകുളം എം.എസ്.എം. കോളേജിൽ നിഖിൽ തോമസ് വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്ന ആരോപണം തുടങ്ങിയവ എസ്എഫ്‌ഐയുടെ ശോഭയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു.

ഇക്കാര്യങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ആർഷോയെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വിളിപ്പിച്ചിരുന്നു. ഒപ്പം, നിഖിലിനെ സഹായിച്ചെന്ന രീതിയിൽ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാനോടും വിവരങ്ങൾ തേടിയിരുന്നു. എസ്.എഫ്.ഐ.യുടെ ചുമതലയുള്ള എ.കെ. ബാലനോടും ആർഷോ കാര്യങ്ങൾ വിശദമാക്കിയിരുന്നു. വ്യാഴാഴ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ എസ്.എഫ്.ഐ.യെ സംബന്ധിച്ചുള്ള വിവാദങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ എം.വി. ഗോവിന്ദൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.