ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യം; ജോ ബൈഡൻ

വാഷിംഗ്ടൺ: നിലവിലെ ലോകസാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹൃദ്യമായ വരവേൽപ്പാണ് ബൈഡൻ മോദിയ്ക്ക് വൈറ്റ് ഹൗസിൽ നൽകിയത്.

19 അംഗ മിലിറ്ററി ഗൺ സല്യൂട്ടോടെയായിരുന്നു മോദിയെ വൈറ്റ് ഹൗസിലേക്ക് ബൈഡൻ സ്വീകരിച്ചത്. വൈറ്റ് ഹൗസിൽ ഒരുക്കിയിരുന്ന വിരുന്നിലും മോദി പങ്കെടുത്തു. താൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലം മുതലുള്ള വിശ്വാസത്തിൽ അധിഷ്ടിതമായ ഊഷ്മളമായ ബന്ധമാണ് മോദിയുമായുള്ളതെന്ന് ബൈഡൻ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

ഇരു രാജ്യങ്ങളും ദാരിദ്ര നിർമാർജനം, കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കൽ, ആരോഗ്യസംരക്ഷണം, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ എന്നിവയ്ക്കായി പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചുവരികയാണ്. ഇവയെല്ലാം അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ലോകത്തിനും ഒരു പോലെ പ്രധാന്യമേറിയതാണ്. സാങ്കേതികമായും സാമൂഹികപരമായും രാഷ്ട്രീയപരമായും നിരവധി മാറ്റങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മളെടുക്കുന്ന ഓരോ തീരുമാനങ്ങളും ഭാവിയെ സ്വാധീനിക്കുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, ജനാധിപത്യമാണ് ഇന്ത്യയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിൽ ജാതി-മത വിവേചനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബൈഡനുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്ര ദിനമാണ്. ഇന്ത്യയും യുഎസ് തമ്മിലുള്ള സാമ്പത്തിക ബന്ധം കുതിച്ചുയർന്നു. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ്. ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടും. എഐ, ടെലികോം മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.