വിദേശ കറൻസി വിനിമയത്തിന്റെ മറവിൽ കുഴൽപ്പണ ഇടപാട്; പ്രോസിക്യൂഷൻ നടപടി ആരംഭിച്ച് എൻഫോഴ്സ്മെന്റ്

കൊച്ചി: വിദേശ കറൻസി വിനിമയത്തിന്റെ മറവിൽ കുഴൽപ്പണ ഇടപാട് നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 15 വിദേശരാജ്യങ്ങളുടെ 1.50 കോടി രൂപ വിലമതിക്കുന്ന കറൻസികൾ ഇഡി പിടിച്ചെടുത്തു. 1.40 കോടി രൂപയുടെ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്.

ബാങ്കുകൾ വഴിയല്ലാതെ കൂടുതലായി കള്ളപ്പണ ഇടപാടുകൾ നടത്തിയിരിക്കുന്നത് യുഎഇ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കാണ്. സുരേഷ് ഫോറെക്‌സ്, ഏറ്റുമാനൂർ ഫോറെക്‌സ്, ദുബായ് ഫോറെക്‌സ്, സംഗീത ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രസന്റ് ട്രേഡിങ്, ഹന ട്രേഡിങ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇത്തരം വഴിവിട്ട ഇടപാടുകളിൽ പങ്കാളിത്തം ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

വർഷങ്ങളായി ഇവർ നടത്തുന്നത് രാജ്യത്തിന് വലിയ നഷ്ടം ഉണ്ടാക്കുന്ന കറൻസി വിനിമയ ഇടപാടുകളാണ്. കുഴൽപ്പണമായി ശതകോടികളുടെ വിദേശ കറൻസി വിനിമയമാണ് ഇവർ നടത്തുന്നതെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ. ഗിഫ്റ്റ് ഷോപ്പുകൾ, ഫാഷൻ ഷോപ്പുകൾ, സ്വർണ്ണക്കടകൾ, മൊബൈൽ ഫോൺ ഷോപ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിദേശ കറൻസി ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തി.