കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ വിശാല പ്രതിപക്ഷയോഗം ബഹിഷ്‌ക്കരിക്കും; അന്ത്യശാസനവുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: കോൺഗ്രസിന് അന്ത്യശാസനവുമായി ആം ആദ്മി പാർട്ടി. കേന്ദ്രത്തിന്റെ ഡൽഹി ഓർഡിനൻസിനെതിരായ ആംആദ്മിയുടെ പ്രതിഷേധങ്ങളെ പിന്തുണച്ചില്ലെങ്കിൽ വെള്ളിയാഴ്ച ചേരാനിരിക്കുന്ന വിശാല പ്രതിപക്ഷയോഗം ബഹിഷ്‌ക്കരിക്കുമെന്നാണ് എഎപി വ്യക്തമാക്കിയിട്ടുള്ളത്. കോൺഗ്രസ് ഉറപ്പായും തങ്ങളെ പിന്തുണയ്ക്കണം. ഇല്ലെങ്കിൽ പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കുമെന്ന് എഎപി വൃത്തങ്ങൾ വ്യക്തമാക്കിയെന്നാണ് വിവരം.

ഭാവിയിലെ പ്രതിപക്ഷ യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുമെന്നും എഎപി അറിയിച്ചിട്ടുണ്ട്. അതേസമയം, എഎപിയുടെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തിയിരുന്നു. കേജ്‌രിവാൾ, നിങ്ങളെ ആരും ഇവിടെ ഓർക്കാൻ പോലും പോകുന്നില്ല, യോഗം ബഹിഷ്‌കരിക്കാൻ നിങ്ങൾ കാരണങ്ങൾ നോക്കുകയായിരുന്നുവെന്നായിരുന്നു സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം.

അതേസമയം, ഓർഡിനൻസ് വിഷയത്തിൽ പ്രതിപക്ഷയോഗത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.