ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ല; ഇതാണ് ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. യു.ഡി.എഫ് ഭരണകാലത്ത് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും ഇതാണ് ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് ഭരണകാലത്ത് ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയിൽ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ സാഹസികമായി പിടികൂടാൻ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സർക്കാരിന്റെ കാലത്ത് എസ്എഫ്ഐ വനിതാ നേതാവിനെ പൊലീസ് പിടികൂടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം നേതാക്കൾ ചിറകിലൊളിപ്പിച്ച എസ്.എഫ്.എ നേതാവിനെ പിടികൂടാൻ പൊലീസിന് 16 ദിവസം വേണ്ടി വന്നു. പ്രതിക്ക് തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ കഴിയാനും കൂട്ടുനിന്ന പൊലീസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിനും ഒത്താശ ചെയ്തു. ഗത്യന്തരമില്ലാതെയാണ് ഒടുവിൽ പാർട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ പൊലീസിന് കീഴടങ്ങിയത്. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജസർട്ടിഫിക്കറ്റുകൾ തയാറാക്കാനും മൂന്നു കോളജുകളിൽ അദ്ധ്യാപികയായി ജോലി നേടാനും വിദ്യയ്ക്ക് സഹായം നൽകിയവരെയും ഒളിവിൽ പോകാൻ സഹായിച്ചവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.