പതിമൂന്നു വയസ്സുകാരൻ മരിച്ചത് എച്ച്1എൻ1 ബാധിച്ച്; സംസ്ഥാനത്ത് പനിബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു

മലപ്പുറം: കുറ്റിപ്പുറത്ത് പതിമൂന്നു വയസ്സുകാരൻ മരിച്ചത് എച്ച്1എൻ1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശി ഗോകുൽദാസ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു ഗോകുൽ മരിച്ചത്. പനി ബാധിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയ ഗോകുൽദാസ് മരുന്നു നൽകിയതിന് പിന്നാലെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയായിരുന്നു. പിന്നാലെ ഗോകുൽ മരണത്തിന് കീഴടങ്ങി.

അതേസമയം, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ചികിത്സ തേടിയത് 13,409 പേരാണ്. ഈ മാസം പനിബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ യോഗം ചേർന്നു. ജൂലൈ മാസത്തിൽ പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് യോഗശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗുരുതര രോഗികൾ ഒരേ സമയം ആശുപത്രികളിലെത്തിയാൽ ആശുപത്രി സംവിധാനത്തിന് താങ്ങാൻ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാൻ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. കുട്ടികളിൽ ഇൻഫ്ളുവൻസ കൂടി വരികയാണ്. ഈ സാഹചര്യത്തിൽ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിനും പൊതുവിൽ എടുക്കേണ്ട തീരുമാനങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സർക്കാർ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്രതിരോധം ഉറപ്പാക്കണംമെന്നും മന്ത്രി നിർദ്ദേശിച്ചു.