പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കെ വിദ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും.
വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നുമാണ് വിദ്യ പോലീസിനോട് വ്യക്തമാക്കിയത്. തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ പറഞ്ഞു.
ഓരോ കോളജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചത് അക്കാദമിക് നിലവാരം കണ്ടാണ്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ വെളിപ്പെടുത്തി. ആരോപണത്തിന് പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണെന്നും കടുത്ത മാനസിക സമ്മർദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പോലീസിനോട് പറഞ്ഞു.
പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് നിന്നാണ് വിദ്യ പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദ്യ ഒളിവിൽ പോയിരുന്നു 15 ദിവസങ്ങൾക്ക് ശേഷമാണ് വിദ്യയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞത്.

