മലപ്പുറം: വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടിയിൽ നടപടിയുമായി കേരളാ പോലീസ്. ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് യൂട്യൂബർ ‘തൊപ്പി’ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘ജലുല സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടമാണ് ഉദ്ഘാടനം സംബന്ധിച്ച് പരാതി സമർപ്പിച്ചത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സെയ്ഫുദ്ദീൻ പരാതി നൽകിയത്.
ദിവസങ്ങൾക്ക് മുൻപാണ് വളാഞ്ചേരിയിൽ കട ഉദ്ഘാടനം നടന്നത്. പരിപാടിയുടെ വീഡിയോ വ്യാപകമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യൂട്യൂബർ തൊപ്പിയായിരുന്നു പരിപാടിയിലെ മുഖ്യ അതിഥി.

