നരേന്ദ്ര മോദിയ്ക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി അമേരിക്കൻ പ്രസിഡന്റ്; വൈറ്റ് ഹൗസിൽ ലഭിച്ചത് വലിയ സ്വീകരണം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത് വലിയ സ്വീകരണം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്നാണ് പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിൽ സ്വീകരിച്ചത്. പ്രത്യേക അത്താഴ വിരുന്നിന് വേണ്ടിയാണ് മോദി വൈറ്റ് ഹൗസിൽ എത്തിയത്. നിരവധി സമ്മാനങ്ങളും ബൈഡൻ മോദിയ്ക്ക് സമ്മാനിച്ചു.

20 നൂറ്റാണ്ടിലെ അമേരിക്കൻ ബുക് ഗാലറി, വിന്റേജ് അമേരിക്കൻ ക്യാമറ, വന്യജീവി ചിത്രങ്ങളടങ്ങിയ പുസ്തകം, റോബർട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരത്തിന്റെ ആദ്യ എഡിഷനിലെ കോപ്പി തുടങ്ങിയവയാണ് ബൈഡൻ മോദിയ്ക്ക് സമ്മാനിച്ചത്. നിന കുർട്ടിസ് എന്ന പ്രത്യേക ഷെഫാണ് വിരുന്നിൽ പ്രധാനമന്ത്രിക്കായി വിഭവങ്ങൾ തയാറാക്കിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വൈറ്റ്ഹൗസ് താമരയും മയിൽച്ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത പരിപാടിയും വൈറ്റ് ഹൗസിൽ സംഘടിപ്പിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, പ്രോട്ടോക്കോൾ ഡെപ്യൂട്ടി ചീഫ് അസീം വോഹ്‌റ എന്നിവരും വൈറ്റ് ഹൗസിൽ നരേന്ദ്രമോദിക്കൊപ്പം ഉണ്ടായിരുന്നു.