കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്. നടിയും അവതാരകയുമായ പേളി മാണി, ഫിഷിങ് ഫ്രീക്ക്(സെബിൻ), അർജ്യൂ, കോൾമീ ഷസ്സാം, ജയരാജ് ജി.നാഥ്, അഖിൽ NRD, M4 ടെക്ക്, അൺബോക്സിങ് ഡ്യൂഡ്, റൈസിങ് സ്റ്റാർ, ഈഗിൾ ഗെയിമിങ്, കാസ്ട്രോ ഗെയിമിങ് എന്നീ യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു പരിശോധന. വ്യാഴാഴ്ച രാവിലെ മുതലാണ് വിവിധയിടങ്ങളിൽ പരിശോധന നടന്നത്. കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും ഒരു കോടി രൂപ മുതൽ രണ്ടു കോടി രൂപ വരെ വാർഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
ഈ വരുമാനത്തിനനുസരിച്ച് നികുതി നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം.

