തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം എന്ത് ചെയ്യുന്നുവോ അതാണ് പൊലീസ് ചെയ്യുന്നത്. പോലീസ് എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടു നിൽക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഈ 15 ദിവസം ഇവർ എവിടെയായിരുന്നു എന്നാണ് അന്വേഷിക്കേണ്ടത്. വിദ്യയെ ഒളിവിൽ താമസിക്കാൻ ആരൊക്കെ സഹായിച്ചു. അതിനേക്കാൾ ഉപരി അറസ്റ്റിന് ശേഷം പൊലീസ് നടത്തുന്ന നാടകങ്ങൾ. മാധ്യമങ്ങളെ കാണിക്കാതെ കൊണ്ടുപോകുന്നു. വിവിഐപിയെ ഒന്നുമല്ലല്ലോ കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന്റെ സഹായത്തോട് കൂടിയാണ് ഈ പ്രവർത്തികൾ നടക്കുന്നത്. എല്ലാത്തിനും ശേഷം പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനെയും കുടുക്കാൻ നോക്കി. ഭ്രാന്തൻ ഭരണമായി പിണറായി സർക്കാർ മാറി. വളരെ പ്രത്യാഘാതം കേരളത്തിൽ ഉണ്ടാകും. ഒരു രാഷ്ട്രീയ സംഘർഷത്തിലേക്ക് കേരളം നീങ്ങാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

