2025 മുതൽ എല്ലാ ട്രക്കുകളിലും എ സി ക്യാബിനുകൾ നിർബന്ധമാക്കും; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2025 മുതൽ എല്ലാ ട്രക്കുകളിലും എ സി ക്യാബിനുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയിൽ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിർദേശം നൽകിയിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം.

കടുത്ത ചൂടിലും വലിയ തണുപ്പിലും വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് യാത്രവേളയിലുണ്ടാകുന്ന പ്രശ്നങ്ങളും മറ്റും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങളുടെ ക്യാബിൻ എയർ കണ്ടീഷൻ ചെയ്യാൻ നിർദ്ദേശം നൽകിയത്. സുഖകരമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നാണ് വിവരം.

ഡ്രൈവർമാരുടെ ആരോഗ്യത്തിന് തീരുമാനം മുതൽകൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രക്കുകളുടെ ക്യാബിനുകളിൽ എ.സി. ഉറപ്പാക്കുന്നതിനായി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം വാഹന നിർമാതാക്കളുടെ സഹകരണം ഉറപ്പാക്കുന്നുണ്ട്. 2025-ഓടെ ഇത് പൂർണമായും നടപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കാനാണ് സർക്കാർ വാഹന നിർമാതാക്കളുമായി സഹകരിക്കുന്നത്.