വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെതിരെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഏകാധിപതിയാണെന്ന് അദ്ദേഹം പറഞ്ഞു. കാലിഫോർണിയയിൽ നടന്ന ധനസമാഹരണ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യുഎസും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ബെയ്ജിംഗിൽ വച്ച് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച്ച നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ബെഡന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.
ചൈനീസ് ചാരൻ ബലൂൺ യുഎസ് വെടിവച്ചിട്ടതിനെത്തുടർന്ന് ഷി നാണംകെട്ടുവെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. ചൈനയുടെ ചാര ബലൂൺ, രണ്ട് പെട്ടി നിറയെ ചാര ഉപകരണങ്ങൾ ഉപയോഗിച്ച് താൻ വെടിവച്ച് ഇട്ടപ്പോൾ ഷി ജിൻപിംഗിന് അത് അറിയില്ലായിരുന്നു. അതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പോകുന്നത് സ്വേച്ഛാധിപതികൾക്ക് വലിയ നാണക്കേടാണെന്നും ബൈഡൻ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ജോ ബൈഡന്റെ പരാമർശത്തിനെതിരെ ചൈന രംഗത്തെത്തി. ബൈഡന്റെ പരാമർശം അങ്ങേയറ്റം അസംബന്ധവും നിരുത്തരവാദപരവുമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അഭിപ്രായപ്പെട്ടു. നയതന്ത്ര മര്യാദകൾ ലംഘിക്കുന്ന തുറന്ന രാഷ്ട്രീയ പ്രകോപനമാണ് ബൈഡന്റെ പരാമർശമെന്നും മാവോ നിംഗ് കൂട്ടിച്ചേർത്തു.

