ന്യൂഡൽഹി: കേരളത്തിൽ തെരുവുനായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷയിൽ ജൂലൈ 12-ന് വാദം കേൾക്കാനും സുപ്രീം കോടതി തീരുമാനിച്ചു. ജൂലായ് ഏഴിനകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നാണ് കേസിലെ എല്ലാ കക്ഷികളോടും സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ജില്ലാ പഞ്ചായത്തിനായി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ജില്ലയിൽ തെരുവുനായകളുടെ ആക്രമണം വർദ്ധിച്ച് വരികയാണെന്ന് ജില്ലാ പഞ്ചായത്ത് കോടതിയെ രേഖാമൂലം അറിയിച്ചു.
കണ്ണൂരിലെ മുഴപ്പിലങ്ങാട് അടുത്തിടെ തെരുവുനായ ആക്രമണത്തിൽ സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരന് ജീവൻ നഷ്ടമായിരുന്നു. നിഹാൽ നൗഷാദ് എന്ന കുട്ടിയ്ക്കാണ് ജീവൻ നഷ്ടമായത്. മുഴപ്പിലങ്ങാട് മറ്റൊരു കുട്ടിയെയും തെരുവുനായ ആക്രമിച്ചിരുന്നു. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടു നിൽക്കുകയായിരുന്ന ഒമ്പത് വയസുകാരിയെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഈ സാഹചര്യത്തിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഹർജി അടിയന്തരമായി പരിഗണിക്കണെമെന്ന് ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അടിയന്തരമായി ഹർജി കേൾക്കണമെന്ന ആവശ്യം പരിഗണിച്ച് കൊണ്ടാണ് കേസിലെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

