വിദ്യാർത്ഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന സർവകലാശാലകളിലെ ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി. കേരളത്തിലെ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന സർവകലാശാലകളുടെയും വിദേശ സർവകലാശാലകളുടെയും ബിരുദ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാധുത പരിശോധിക്കാൻ എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ നിവേദനത്തിൽ ആവശ്യപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അന്യസംസ്ഥാന സർവകലാശാലകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ബോധ്യമുള്ള നമ്മുടെ സംസ്ഥാനത്തെ സർവകലാശാലകൾ, അന്യ സംസ്ഥാന സർവകലാശാലകളുടെ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാ ക്കുന്നില്ലെന്ന് നിവേദനത്തിൽ പറയുന്നു.

ഈ പഴുത് ഉപയോഗിച്ച് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നവരിൽ നിന്നും ഡിഗ്രിയും അനുബന്ധ രേഖകളും സമ്പാദിച്ച് ചില വിദ്യാർത്ഥികൾ കേരളത്തിൽ പ്രവേശനം നേടുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്. ഇക്കാര്യം സർവകലാശാലകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർവകലാശാല അധികൃതർ ഇതിന് തയ്യാറാകാത്തതിനാലാണ് ഇപ്പോൾ കേരളത്തിലെ സർവകലാശാലകളിൽ വ്യാജ ഡിഗ്രികൾ സമ്പാദിച്ച് ഉപരിപഠനത്തിന് പലരും ശ്രമിക്കുന്നതെന്ന് സമിതി ഗവർണർക്ക് സമര്ഡപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കുന്നു.