മണിപ്പൂർ കലാപം; എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകി പ്രതിപക്ഷ പാർട്ടികൾ

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നിവേദനം നൽകി പ്രതിപക്ഷ പാർട്ടികൾ. മണിപ്പൂരിൽ അയവില്ലാതെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക അറിയിച്ചാണ് പ്രതിപക്ഷ പാർട്ടികൾ നിവേദനം നൽകിയിരിക്കുന്നത്. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.

പത്ത് പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് പ്രധാനമന്ത്രിയ്ക്ക് നിവേദനം അയച്ചത്. കോൺഗ്രസ്, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.ഐ.(എം), ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് നിവേദനം നൽകിയിരിക്കുന്നത്. വെടിനിർത്തലിന് വേണ്ടത് ചെയ്യണമെന്ന ആവശ്യവും പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവെയ്ക്കുന്നു.കുക്കി സമുദായക്കാർ മേയ് മൂന്നുമുതൽ ദേശീയപാതയ്ക്കരികിലായി എൻ.എച്ച്.- 2 അടച്ച് താമസിച്ചുവരികയാണ്. അവശ്യ സാധനങ്ങളും മറ്റും ഇതുവഴി എത്തിക്കാൻ സാധിക്കുന്നില്ല. വിലക്കയറ്റം കാരണം യാത്രക്കാരും വലയുകയാണ്. എത്രയും പെട്ടെന്ന് തന്നെ ദേശീയപാത തുറക്കാൻ വേണ്ടത് കേന്ദ്ര സർക്കാർ ചെയ്യണമെന്ന് നിവേദനത്തിൽ പറയുന്നു.

അതേസമയം, നിലവിലുള്ള സർക്കാരിൽ മണിപ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ ബിജെപി എംഎൽഎമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം അയച്ചിട്ടുണ്ട്.