മോൻസൻ മാവുങ്കൽ പ്രതിയായ വഞ്ചന കേസ്: കെ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

തൃശ്ശൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്തം. മോൻസൻ മാവുങ്കൽ പ്രതിയായ വഞ്ചന കേസിൽ കെ സുധാകരനെതിരെ തെളിവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മോൻസൻ പ്രതിയായ വഞ്ചന കേസിൽ കെ സുധാകരനെതിരെ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നും മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഹാജരാക്കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.

എന്നാൽ പോക്സോ കേസിൽ കെ സുധാകരനെതിരെയുള്ള ആരോപണം അദ്ദേഹം തള്ളുകയും ചെയ്തു. പോക്സോ കേസിൽ കെ സുധാകരന്റെ പേര് പറയാൻ മോൻസനെ ഭീഷണിപ്പെടുത്തിയിട്ടില്ല. കെ സുധാകരന് പോക്സോ കേസിൽ പങ്കില്ലെന്ന് മോൻസൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെന്തിന് ഇക്കാര്യത്തിൽ ഭീഷണിപ്പെടുത്തണമെന്ന് അദ്ദേഹം ചോദിക്കുന്നു.

മോൻസൻ മാവുങ്കൽ ജയിലിൽ നിന്ന് കെ സുധാകരനെ വിളിച്ചിട്ടില്ല. മകനെയും അഭിഭാഷകനെയും മാത്രമാണ് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.