മലപ്പുറം: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം ബോർഡിന്റെ പരിഗണനയിലാണെന്ന് ഇന്ത്യൻ റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി നേതാവുമായ പി കെ കൃഷ്ണദാസ്. തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛന്റെ പേര് നൽകുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ബോർഡിനു മുന്നിൽ സ്റ്റേഷന്റെ പേര് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ എന്നാക്കി മാറ്റണമെന്ന ആവശ്യം ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയംഗങ്ങൾക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രണ്ട് പദ്ധതികൾ തിരൂർ റെയിൽവെ സ്റ്റേഷൻ വികസനവും നവീകരണവുമായി ബന്ധപ്പെട്ട ആവിഷ്കരിച്ചിട്ടുണ്ട്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ തിരൂർ സ്റ്റേഷനിൽ രണ്ടു ഘട്ടമായി 32 കോടിയുടെ വികസനം നടക്കും. സംസ്ഥാനത്തെ മറ്റു ജില്ലകൾക്ക് നൽകാത്ത പ്രത്യേക പരിഗണനയാണ് കേന്ദ്ര സർക്കാരും റെയിൽവെ മന്ത്രാലയവും മലപ്പുറം ജില്ലയ്ക്ക് നൽകുന്നത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സൗകര്യം വിപുലീകരിക്കും. യാത്രക്കാർക്കുവേണ്ടി നിലവിലുള്ള വിശ്രമകേന്ദ്രങ്ങൾ നവീകരിക്കും. പുതിയ വിശ്രമകേന്ദ്രങ്ങളും നിർമിക്കും. ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം ഏർപ്പെടുത്തും. തിരൂരിൽ സബ് സ്റ്റേഷൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

