കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ആശ്വാസം. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. സുധാകരൻ നോട്ടിസ് പ്രകാരം 23ന് ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുൻ ഐജി ലക്ഷ്മണയ്ക്കും ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഉന്നത ഉദ്യോഗസ്ഥർ മോൻസനൊപ്പമുള്ള ചിത്രങ്ങൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ സുധാകരൻ കോടതിക്ക് കൈമാറി. ഡിജിപി അനിൽകാന്ത്, മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവർ മോൻസൻ മാവുങ്കലുമൊത്തുള്ള ചിത്രങ്ങളാണ് സുധാകരൻ കോടതിയിൽ സമർപ്പിച്ചത്. ഇവർ മോൻസന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് സുധാകരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ താൻ നിരപരാധിയാണെന്നും, രാഷ്ട്രീയപ്രേരിതമായാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് സുധാകരൻ കോടതിയിൽ ഹർജി നൽകിയത്. നിരപരാധിയെങ്കിൽ സുധാകരൻ എന്തിനു ഭയപ്പെടുന്നുവെന്ന് കോടതി ചോദിച്ചു.

