തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷകളിൽ മിന്നും വിജയം സ്വന്തമാക്കണമെങ്കിൽ ഇനി മുതൽ ഒരു കടമ്പ കൂടി മറികടക്കണം. തുടർമൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ 10 ശതമാനം മാർക്ക് പത്ര-പുസ്തക വായനയിലെ മികവിന് നൽകണമെന്ന് സർക്കാർ തീരുമാനിച്ചു. മികച്ച വിജയം കരസ്ഥമാക്കാൻ ഇനി പത്രം കൂടി വായിക്കണം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.
നൂറ് മാർക്കിന്റെ പരീക്ഷയിൽ പഠനാനുബന്ധ പ്രവർത്തന മികവിന് 20 മാർക്ക് എന്ന നിലയിലും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കുമാണ് തുടർമൂല്യനിർണയത്തിലൂടെ വിദ്യാർത്ഥികൾക്ക് നൽകി വരുന്നത്. ഇനി മുതൽ 10 മാർക്ക് പത്ര-പുസ്തക വായനയിലെ വിദ്യാർത്ഥികളുടെ താൽപര്യവും മികവും കൂടി കണക്കിലെടുത്ത് നൽകുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വാർത്താ വായന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾക്ക് ഇതിലൂടെ ഗ്രേസ് മാർക്കും ലഭിക്കും.
സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സരമുണ്ടാകും. സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 എന്നിങ്ങനെയായിരിക്കും മാർക്ക് ലഭിക്കുന്നത്. മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയാണ് വാർത്തയും അതിനോട് അനുബന്ധിച്ചുള്ള അവലോകനവുമാണ് കുട്ടികൾ തയാറേക്കണ്ടത്.

