എഐ ക്യാമറ; മുഴുവൻ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഹൈക്കോടതി. എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കരാർ കമ്പനികൾക്ക് പണം നൽകുന്നത് ഹൈക്കോടതി താൽക്കാലികമായി തടയുകയും ചെയ്തു. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

അതുവരെ കരാർ കമ്പനികൾക്ക് സർക്കാർ പണം നൽകരുതെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റ്സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. എഐ കാമറ സ്ഥാപിക്കുന്നതിനു ടെൻഡർ നൽകിയത് വ്യവസ്ഥകൾ ലംഘിച്ചാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം, എസ്ആർഐടിക്ക് ടെൻഡർ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജി മുന്നോട്ടുവെച്ചിരുന്നു.

പൊതുതാത്പര്യ ഹർജിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാകുന്നുവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മൂന്നാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കും. അതിനുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.