വ്യാജരേഖാ കേസ്; കെ വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: വ്യാജരേഖാ കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചിന്റേതാണ് നടപടി.

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് വിദ്യക്കെതിരെയുള്ള കേസ്. എന്നാൽ, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെണിതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യ വ്യക്തമാക്കിയത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നുമാണ് പൊലീസ് കോടതിയിൽ അറിയിച്ചിരിക്കുന്നത്.