ചണ്ഡിഗഡ്: സുവർണ ക്ഷേത്രത്തിൽ നിന്നുള്ള ഗുർബാനി സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട 1925ലെ സിഖ് ഗുരുദ്വാര നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശത്തിന് അംഗീകാരം നൽകി പഞ്ചാബ് മന്ത്രിസഭ. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഭേദഗതി ബിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഖ് മതത്തിലെ പവിത്രമായ കീർത്തനങ്ങളാണു ഗുർബാനി.
ബിൽ പാസാക്കിയാൽ സുവർണ ക്ഷേത്രത്തിൽ നിന്നു ഗുർബാനി സൗജന്യമായി സംപ്രേഷണം ചെയ്യാൻ കഴിയും. അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സംസ്ഥാനത്ത് വലിയ രോഷം ഉയർന്നിട്ടുണ്ടെന്നണ് റിപ്പോർട്ട്. പ്രതിപക്ഷ പാർട്ടികളും വിമർശനം ഉന്നയിച്ച് രംഗത്തെത്തി. പിടിസി നെറ്റ് വർക്കിനാണ് വർഷങ്ങളായി ഗുർബാനി സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശങ്ങൾ. എല്ലാവർഷവും ശിരോമണി ഗുരുദ്വാര പർഭാന്ദക് കമ്മിറ്റിക്ക് ഇതിനായി 2 കോടി രൂപ പിടിസി നെറ്റ് വർക്ക് നൽകുന്നുണ്ട്. ശിരോമണി അകാലിദൾ പ്രസിഡന്റ് ശുഖ്ബിർ സിങ് ബാദലിനു പിടിസിയിൽ ഓഹരികളുണ്ട്.
ഗുർബാനി സംപ്രേഷണം ചെയ്യുന്നതിനായുള്ള കരാർ അടുത്തമാസം അവസാനിക്കുകയാണ്. ഗുർബാനി സംപ്രേഷണം വർഷങ്ങളായി ശുഖ്ബിർ സിങ് ബാദൽ കുത്തകയാക്കി വച്ചിരിക്കുകയാണെന്ന് നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഒരൊറ്റ ചാനലിനു മാത്രം ഗുർബാനി സംപ്രേഷണം ചെയ്യാനുള്ള അവകാശം കൊടുക്കുന്നതിനെതിരെ ഭഗവന്ത് മാൻ പ്രതിഷേധം ഉയർത്തി നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. മറ്റു ചാനലുകളിൽ ഗുർബാനി സംപ്രേഷണം ചെയ്യാനുള്ള എല്ലാ ചെലവുകളും വഹിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

