പാലക്കാട്: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
കെ റെയിലിൽ അപ്പം വിറ്റ പോലെയാകില്ല, പോക്‌സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്‌മെന്റിനെ കുറിച്ച് വ്യാജപ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. മനസാ വാചാ അറിയാത്ത കാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് പോക്സോ കേസുമായി ബന്ധമില്ല. ആരോപണത്തിന് പിന്നിൽ സിപിഎമ്മാണ്. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

