റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 28 ന്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്ചയാണ് നടക്കുക. സൗദി സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ഞായറാഴ്ച വൈകീട്ട് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
വിശ്വാസികൾ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചുകൂടുകയും ചെയ്തു. മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂൺ 27നും ബലി പെരുന്നാൾ ജൂൺ 28നും നിശ്ചയിച്ചുകൊണ്ട് കോടതി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

