ഉത്തർപ്രദേശിൽ കൊടും ചൂട്; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 54 പേർ മരിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊടും ചൂട്. കടുത്ത ചൂടിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉത്തർപ്രദേശിൽ 54 പേർ മരിച്ചതായാണ് റിപ്പോർട്ട്.

ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജൂൺ 15 ന് 23 പേരും ജൂൺ 16 ന് 20 പേരും ജൂൺ 17 ന് 11 പേരും മരണപ്പെട്ടു.

400 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

തുടർച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർപ്രദേശിൽ ചൂട് രേഖപ്പെടുത്തിയത്. സ്ഥിതിഗതികൾ വിലയിരുത്താനായി ലഖ്നൗവിൽ നിന്ന് വിദഗ്ദ്ധ സംഘം ബല്ലിയ ജില്ലയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

അതേസമയം, ബിഹാറിലും മരണങ്ങൾ നടന്നതായാണ് വിവരം. പാറ്റ്‌നയിൽ 35 പേരടക്കം 44 പേരാണ് ബിഹാറിൽ മരിച്ചതെന്നാണ് വിവരം.