സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം; എം വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. പോക്‌സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ പരാമർശത്തിലാണ് എം വി ഗോവിന്ദനെതിരെ പരാതി നൽകിയിരിക്കുന്നത്.

പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് പരാതി നൽകിയത്. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാൻ ബോധപൂർവാണ് ഇത്തരം പരാമർശം നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എം വി ഗോവിന്ദൻ പറഞ്ഞത് പൊലീസ് എഫ്‌ഐആറിൽ ഇല്ലെന്ന് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിജീവിത നൽകിയ രഹസ്യമൊഴിയിലും ഇക്കാര്യമില്ല. പ്രോസിക്യൂഷൻ സാക്ഷികൾ ആരും സുധാകരന്റെ പേര് പറഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നായിരുന്നു എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. മനസാ വാചാ അറിയാത്ത കാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് പോക്‌സോ കേസുമായി ബന്ധമില്ല. ആരോപണത്തിന് പിന്നിൽ സിപിഎമ്മാണ്. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.