ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തിൽ റെക്കോർഡ് വർദ്ധന നേടി രാജ്യം. 2022-23 സാമ്പത്തിക വർഷം 63,056 കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലാഭവിഹിതമായി ലഭിക്കുകയെന്നാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തിമ ഡിവിഡന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെമ്പാടുമുള്ള 67 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നായാണ് ഇത്രയും തുക ലഭിക്കുക.
സ്ഥാപനങ്ങൾ നേടിയത് ചരിത്രത്തിൽ എറ്റവും വലിയ ലാഭമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 50,583 കോടി രൂപയായിരുന്നു 2021-22 സാമ്പത്തിക വർഷത്തിൽ സ്ഥാപനങ്ങളുടെ ആകെ ലാഭവിഹിതം. ഒരു വർഷം കൊണ്ട് 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗെയ്ൽ, ഹിന്ദുസ്ഥാൻ കോപ്പർ, ബാമർ ലാറി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭവിഹിതം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടി ചേർക്കുമ്പോൾ കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ലാഭവിഹിത തുകയിൽ ഇനിയും വർദ്ധനവുണ്ടാകും.
45,000 കോടി രൂപയാണ് ഒഎൻജിസി, കോൾ ഇന്ത്യ, എൻറ്റിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയിൽ നിന്ന് മാത്രം കേന്ദ്രസർക്കാരിന് ലഭിക്കുക. 29,049 കോടി രൂപയായിരുന്നു 2018-19 സാമ്പത്തിക വർഷം ലാഭവിഹിതം.

