മനസാ വാചാ അറിയാത്ത കാര്യം; എം വി ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ കെ

കണ്ണൂർ: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ കൂട്ടുപ്രതിയാണെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. മനസാ വാചാ അറിയാത്ത കാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് പോക്സോ കേസുമായി ബന്ധമില്ല. ആരോപണത്തിന് പിന്നിൽ സിപിഎമ്മാണ്. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സി പി എമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണം. എം വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. അദ്ദേഹത്തിന്റെ ആരോപണങ്ങൾ പുച്ഛിച്ച് തള്ളുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കൂട്ടുപ്രതിയാണെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.